തിരുവനന്തപുരം: ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത സംശയമുന്നയിച്ച് ലത്തീൻ സഭ. റിപ്പോർട്ടിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള ഈ നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് സഭയുടെ നിലപാട്.
റിപ്പോർട്ട് അംഗീകരിച്ചു എന്ന് പറയുമ്പോഴും അതിന്റെ പൂർണ്ണരൂപം പുറത്തുവിടാൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ചോദിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ലത്തീൻ രൂപതയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഇത്തരം പ്രഖ്യാപനങ്ങൾ കൊണ്ട് കാര്യമില്ലെന്നും സഭ വ്യക്തമാക്കുന്നു. വർഷങ്ങളായി പരിഹരിക്കപ്പെടാത്ത ആവശ്യങ്ങൾ വോട്ടെടുപ്പ് അടുക്കുമ്പോൾ പെട്ടെന്ന് പരിഗണിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സഭയുടെ വിലയിരുത്തൽ.
പാലക്കാട് രൂപതയും ഇതേ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പല കാര്യങ്ങളും നടപ്പിലാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും റിപ്പോർട്ട് എന്തുകൊണ്ട് രഹസ്യമായി വെക്കുന്നുവെന്ന് വികാരി ജനറൽ ഫാ. ജീജോ ചാലക്കൽ ചോദിച്ചു. “റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിൽ വലിയ നിഗൂഢതയുണ്ട്. സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനപ്പുറം റിപ്പോർട്ടിന്റെ പൂർണ്ണരൂപം പൊതുസമൂഹത്തിന് മുന്നിൽ ലഭ്യമാക്കുകയാണ് വേണ്ടത്.” – ഫാ. ജീജോ ചാലക്കൽ പ്രതികരിച്ചു. റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച സാഹചര്യത്തിൽ അത് ഉടനടി പ്രസിദ്ധീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സഭാ നേതൃത്വം.
