വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്

കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മവിഭൂഷൺ പുരസ്കാരം നൽകാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി. ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിക്ക് രാജ്യം ആദരവ് നൽകുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ‘ശ്രീ നാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി’യാണ് കോടതിയെ സമീപിച്ചത്.

മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണാ കേസ്, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകൾ, എസ്.എൻ ട്രസ്റ്റ് കോളേജുകളിലെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവയിൽ വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് ഹർജിയിൽ പറയുന്നു. പുരസ്കാരത്തിനായി പേര് പരിഗണിക്കുമ്പോൾ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വലിയ വീഴ്ച സംഭവിച്ചുവെന്നും ഹർജിക്കാർ ആരോപിക്കുന്നു.

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് പത്മ പുരസ്കാരങ്ങൾ നൽകുന്നത് പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നും അതിനാൽ നടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *