എയിംസ് വിഷയത്തിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ താക്കീത്; രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവ്

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം ലാഘവത്തോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്തെക്കുറിച്ച് കൃത്യമായ സാധ്യതാ പഠനം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

2024 മുതൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. വീണ്ടും സമയം നീട്ടി ചോദിക്കുന്ന കേന്ദ്ര നിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈനായി നേരിട്ട് ഹാജരായി വിശദീകരണം നൽകണം. പദ്ധതിക്ക് ബജറ്റിൽ തുക വകയിരുത്തിയിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല.

സംസ്ഥാന സർക്കാർ എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുയോജ്യമാണോ എന്ന് വ്യക്തമാക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, എയിംസ് സ്ഥാപിക്കാനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ‘എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ’ നൽകിയ ഹർജിയും കോടതിയുടെ സജീവ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *