ആലപ്പുഴ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്നത് ‘പുതുയുഗ യാത്ര’യല്ല, മറിച്ച് ‘നുണയാത്ര’യാണെന്നും അദ്ദേഹം പരിഹസിച്ചു. കെഎസ് യു പ്രവർത്തകർ മന്ത്രിക്കരികിൽ എത്തിയില്ലെന്ന വാദം പച്ചക്കള്ളമാണ്. കേരളം മുഴുവൻ കണ്ട ദൃശ്യങ്ങൾ വി.ഡി സതീശനും കൂട്ടരും നിഷേധിക്കുന്നത് നുണപ്രചാരണത്തിന്റെ ഭാഗമാണ്. വീഡിയോ പരിശോധിച്ചാൽ ആക്രമണത്തിന്റെ തീവ്രത വ്യക്തമാകും.
ലോകോത്തരമായ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രി ലോബികൾക്ക് വേണ്ടി സർക്കാർ ആശുപത്രികൾക്കെതിരെ കുപ്രചാരണം നടത്തുകയാണ് ഇവർ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ ഉപദേശപ്രകാരം നടത്തുന്ന ഇത്തരം നാടകങ്ങളെ ജനങ്ങൾ തിരിച്ചറിയും. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു വനിതാ മന്ത്രിക്കു നേരെ ഇത്തരമൊരു വധശ്രമം ഉണ്ടായിട്ടില്ല. മന്തിയുടെ വീട്ടിൽ റീത്ത് വെച്ചവർ തന്നെയാണ് ഇന്നലെ റെയിൽവേ സ്റ്റേഷനിലും അക്രമം കാട്ടിയത്.
ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.
