എഐ ഉച്ചകോടിയിലെ പ്രതിഷേധം: രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞ് ബിജെപി; ഹിമാചലിൽ നാടകീയ നീക്കങ്ങൾ

ന്യൂഡൽഹി: ആഗോള എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വൻ രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചനയിൽ രാഹുൽ ഗാന്ധിക്കും പങ്കുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. രാജ്യവിരുദ്ധ ശക്തികളുമായി രാഹുൽ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഭരണപക്ഷം ഉന്നയിക്കുന്നത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് ഹിമാചൽ പ്രദേശിൽ നടന്ന അറസ്റ്റ് നീക്കങ്ങൾ നാടകീയമായ സംഭവവികാസങ്ങൾക്ക് വഴിവെച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാനെത്തിയ 20 അംഗ ഡൽഹി പൊലീസ് സംഘത്തിനെതിരെ ഹിമാചൽ പൊലീസ് കേസെടുത്തു. മുൻകൂട്ടി അറിയിക്കാതെ നടത്തിയ നീക്കം ‘തട്ടിക്കൊണ്ടുപോകൽ’ ശ്രമമാണെന്നാണ് ഹിമാചൽ പൊലീസിന്റെ വാദം. മൂന്ന് പ്രവർത്തകരെ പിടികൂടാനായിരുന്നു ഡൽഹി സംഘത്തിന്റെ ശ്രമം. ബിജെപിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ 16 വർഷം മുമ്പത്തെ ചരിത്രമാണ് കോൺഗ്രസ് ആയുധമാക്കുന്നത്. അഴിമതി ആരോപണം ഉന്നയിച്ച് കോമൺവെൽത്ത് ഗെയിംസ് വേദിയിൽ അന്ന് ബിജെപി നടത്തിയ പ്രതിഷേധം ഓർമ്മിപ്പിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്.

ഉച്ചകോടി അലങ്കോലമാക്കാൻ ശ്രമിച്ച കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായ പരിഹാസമാണ് ഉന്നയിച്ചത്. “ഷർട്ടൂരിയില്ലെങ്കിലും കോൺഗ്രസ് ഇന്ന് നഗ്നമാണ്. വൃത്തികെട്ട രാഷ്ട്രീയത്തിലൂടെ ഉച്ചകോടിയെ തകർക്കാനാണ് അവർ ശ്രമിച്ചത്.” – നരേന്ദ്ര മോദി. ഇന്ത്യ സഖ്യത്തിലെ മറ്റ് പാർട്ടികൾ പോലും ഈ പ്രതിഷേധത്തെ പിന്തുണയ്ക്കാത്തത് കോൺഗ്രസിന്റെ ഒറ്റപ്പെടലിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *