വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് താങ്ങായി കോൺഗ്രസ് ഒരുക്കുന്ന ഭവന പദ്ധതിക്ക് ഇന്ന് തുടക്കമാകും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവർ ചേർന്ന് പദ്ധതിയുടെ തറക്കല്ലിടൽ നിർവ്വഹിക്കും. ഉച്ചയ്ക്ക് 2:30-ന് കുന്നമ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വൻ നിര തന്നെ അണിനിരക്കും.
കുന്നമ്പറ്റയിൽ ഏറ്റെടുത്ത ഭൂമിയിൽ 60 വീടുകൾ നിർമ്മിക്കും. സമീപത്തുള്ള മറ്റൊരു സ്ഥലത്തായി 40 വീടുകൾ കൂടി നിർമ്മിച്ച് ആകെ 100 കുടുംബങ്ങൾക്ക് തണലൊരുക്കും. കെ.സി. വേണുഗോപാൽ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലും വലിയ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. അഞ്ച് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
