തിരുവനന്തപുരം കാട്ടാക്കട മമ്മൽ ആശുപത്രിക്കെതിരെ ഉയർന്ന ചികിത്സാ പിഴവ് ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി. രണ്ടര വയസ്സുകാരിയുടെ മരണത്തിൽ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള എല്ലാ അടിയന്തര നടപടികളും സ്വീകരിച്ചിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവകുമാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 19-ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ന്യൂമോണിയയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അന്ന് തന്നെ നിർദ്ദേശിച്ചിരുന്നു. 22-ന് കഠിനമായ ശ്വാസതടസ്സത്തോടും കഫക്കെട്ടോടും കൂടിയാണ് കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ എത്തിച്ചത്. രക്തസാമ്പിൾ ശേഖരിക്കുന്നതിനായുള്ള കുത്തിവയ്പ്പും ശ്വസനതടസ്സം മാറാനായി നെബുലൈസേഷനും നൽകി. എന്നാൽ ചികിത്സയ്ക്കിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
ജീവൻ നിലനിർത്താനായി ‘അഡ്രിനാലിൻ’ കുത്തിവയ്പ്പ് നൽകുകയും ഈ വിവരം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. മമ്മൽ ആശുപത്രിയിൽ നിന്നും നെയ്യാർ മെഡ്സിറ്റിയിലേക്ക് മാറ്റുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ അവകാശപ്പെട്ടു. മെഡ്സിറ്റിയിൽ വച്ച് പരിശോധനകൾ നടക്കുമ്പോഴാണ് വീണ്ടും ഹൃദയസ്തംഭനം ഉണ്ടായതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
