തമിഴ് രാഷ്ട്രീയത്തിൽ ശശികലയുടെ ‘പുതിയ അധ്യായം’; പാർട്ടി പ്രഖ്യാപിച്ചു, കൊടി പുറത്തിറക്കി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികല. ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാമനാഥപുരത്തെ പശുംപൊന്നിൽ നടന്ന സമ്മേളനത്തിലാണ് ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടിയുടെ പേര് പിന്നീട് അറിയിക്കുമെങ്കിലും ഔദ്യോഗിക പതാക അവർ പുറത്തിറക്കി. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങൾ ചേർന്ന പതാകയിൽ ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായരായ സി.എൻ. അണ്ണാദുരൈ, എം.ജി.ആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളാണുള്ളത്.

“സാധാരണക്കാർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയാകും പുതിയ പാർട്ടി നിലകൊള്ളുക. ശത്രുക്കളെയും രാജ്യദ്രോഹികളെയും രാഷ്ട്രീയത്തിൽ നിന്ന് വേരോടെ പിഴുതെറിയും,” ശശികല വ്യക്തമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്നുള്ള അയോഗ്യത നിലനിൽക്കുന്നതിനാൽ ശശികലയ്ക്ക് നേരിട്ട് മത്സരിക്കാനാവില്ല.

അണ്ണാ ഡിഎംകെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ശശികലയുടെ ഈ നീക്കം കാരണമായേക്കും. ഇത് എൻഡിഎ സഖ്യത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തന്റെ സമുദായമായ തേവർ വിഭാഗത്തിന്റെ ശക്തികേന്ദ്രത്തിൽ വെച്ച് തന്നെ പ്രഖ്യാപനം നടത്തിയത് ശശികലയുടെ രാഷ്ട്രീയ തന്ത്രമായി കാണപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *