സി.പി.എമ്മിൽ ‘ടേം’ വ്യവസ്ഥയിൽ ഇളവ്; പിണറായി അടക്കം 50 എം.എൽ.എമാർ വീണ്ടും ജനവിധി തേടും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കടുത്ത നിബന്ധനകളിൽ ഇളവ് വരുത്തി സി.പി.എം. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന കർശന വ്യവസ്ഥയിൽ അയവ് വരുത്തിയതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വീണ്ടും പടക്കളത്തിലിറങ്ങും. നിലവിലെ 62 എം.എ.ൽ.എമാരിൽ 50 പേരും ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

പാർട്ടിയുടെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ 13 പേരും ഇത്തവണ മത്സരിക്കും. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം.വി. ഗോവിന്ദൻ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകില്ല. ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായി ടി.പി. രാമകൃഷ്ണന്റെ കാര്യത്തിൽ പുനരാലോചന നടന്നേക്കാം. കഴിഞ്ഞ തവണ ‘രണ്ട് ടേം’ വ്യവസ്ഥയിൽ മാറിനിന്ന മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഇത്തവണ വീണ്ടും ജനവിധി തേടും.

കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.കെ. ബിജു, എം. സ്വരാജ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജൻ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിലുണ്ട്. സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരും. ഓരോ മണ്ഡലത്തിലെയും വിജയസാധ്യത കൂടി പരിഗണിച്ചാകും അന്തിമ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *