‘കേരള സ്റ്റോറി 2’ നിയമപോരാട്ടത്തിൽ; സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: വലിയ വിവാദങ്ങൾക്ക് വഴിതുറന്ന ‘ദ കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. കേരളം വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമാണെന്ന് വരുത്തിത്തീർക്കാൻ സിനിമ ശ്രമിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം.

കേരളം വിവിധ സമുദായങ്ങൾ ഐക്യത്തോടെ ജീവിക്കുന്ന മതേതര സമൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. “യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സിനിമ” എന്ന അവകാശവാദം സംസ്ഥാനത്തിന്റെ മര്യാദയെ ബാധിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. സിനിമയുടെ ഉള്ളടക്കം കൃത്യമായി മനസ്സിലാക്കാൻ കോടതി ചിത്രം നേരിട്ട് കണ്ടേക്കും. സിനിമയ്ക്ക് ‘കേരളം’ എന്ന പേര് നൽകിയതുകൊണ്ട് മാത്രം ഹർജിക്കാരന്റെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങൾ ഒഴിവാക്കാൻ ആവശ്യമെങ്കിൽ സിനിമയുടെ ട്രെയിലർ പിൻവലിക്കാൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും സിനിമയുടെ പ്രദർശനം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് ഈ കേസ് ഇതിനോടകം കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *