കൊച്ചി: കൊച്ചി മെട്രോയിൽ സാങ്കേതിക തകരാറിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ കലൂർ സ്റ്റേഷന് സമീപം വെച്ച് ട്രെയിൻ പണിമുടക്കിയതോടെയാണ് മെട്രോ യാത്രക്കാർ പ്രതിസന്ധിയിലായത്. തിരക്കേറിയ രാവിലെ സമയത്തുണ്ടായ ഈ തടസ്സം ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന നൂറുകണക്കിന് യാത്രക്കാരെ ബാധിച്ചു.
തകരാർ പരിഹരിക്കുന്നത് വരെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എല്ലാ ട്രെയിനുകളും മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിലാണ് നിലവിൽ സർവീസ് നടത്തുന്നത്. പണിമുടക്കിയ ട്രെയിൻ മറ്റൊരു എൻജിൻ ഉപയോഗിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ കെ.എം.ആർ.എൽ അധികൃതർ ആരംഭിച്ചു. തകരാർ സംഭവിച്ച ട്രെയിൻ മുട്ടം യാർഡിലെത്തുന്നതോടെ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു.
