തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനക്കുതിപ്പിന് കരുത്തേകുന്ന ജനക്ഷേമ ബജറ്റ് ഡെപ്യൂട്ടി മേയർ ആശാനാഥ് കൗൺസിലിൽ അവതരിപ്പിച്ചു. ‘മാറാത്തത് മാറും’ എന്ന പ്രഖ്യാപനത്തോടെ അവതരിപ്പിച്ച ബജറ്റിൽ, ഭവനരഹിതർക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുൻ ഭരണസമിതികളുടെ വീഴ്ചകളെ വിമർശിച്ചുകൊണ്ടായിരുന്നു ഡെപ്യൂട്ടി മേയറുടെ ബജറ്റ് പ്രസംഗം.
ബജറ്റിലെ പ്രധാന ആകർഷണങ്ങൾ:
നഗരത്തിൽ വീടില്ലാത്ത അർഹരായ ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിനുള്ള മുഴുവൻ തുകയും കോർപ്പറേഷൻ തന്നെ നൽകും. കൂടാതെ പി.എം.എ.വൈ (PMAY) പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി.
അടൽ കാന്റീനും സൂപ്പർമാർക്കറ്റും: വിശപ്പില്ലാത്ത നഗരം എന്ന ലക്ഷ്യത്തോടെ 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ‘അടൽ കാന്റീൻ’ പദ്ധതിക്കായി 2 കോടി രൂപ നീക്കിവച്ചു. ഒപ്പം ഒരു കോടി രൂപ ചെലവിൽ അടൽ സൂപ്പർമാർക്കറ്റും ആരംഭിക്കും.
ആരോഗ്യ മേഖലയിൽ വൻ കുതിപ്പ്: കുറഞ്ഞ നിരക്കിൽ രോഗനിർണ്ണയ സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രൈം ഹെൽത്ത് ലാബുകൾക്ക് 1.5 കോടി രൂപ അനുവദിച്ചു.
എച്ച്.എൽ.എൽ സഹകരണം: ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി (HLL) ചേർന്ന് സിറ്റി സ്കാനിംഗ്, എം.ആർ.ഐ, എക്സറേ സൗകര്യങ്ങളുള്ള അത്യാധുനിക സെന്റർ സ്ഥാപിക്കും (1.5 കോടി രൂപ).
കൂടാതെ നഗരത്തിലെ 50 കേന്ദ്രങ്ങളിൽ സാമ്പിൾ കളക്ഷൻ സെന്ററുകളും തുടങ്ങും.അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഈ ബജറ്റ് നഗരവാസികളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
