സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കാൻ കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

​ന്യൂഡൽഹി: ‘കേരള’ എന്ന പേര് മാറ്റി ഔദ്യോഗികമായി എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്.​ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ നിലവിലുള്ള ‘കേരള’ എന്ന പേര് മാറ്റി ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യും.

ഇംഗ്ലീഷിൽ ‘Kerala’ എന്നും ഹിന്ദിയിൽ ‘കേരൾ’ (Keral) എന്നും ഉപയോഗിക്കുന്നതിന് പകരം എല്ലാ ഭാഷകളിലും ഇനി ‘കേരളം’ (Keralam) എന്ന് തന്നെയാകും ഔദ്യോഗിക നാമം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഈ ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.​​

സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. മലയാള ഭാഷയുടെ തനിമ നിലനിർത്തുന്നതിനായി എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്ന് ഉപയോഗിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമായിരുന്നു. അടുത്തിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *