തിരുവനന്തപുരം: രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പോലീസ് അപേക്ഷ നൽകിയത്.
ഈ മാസം 17-ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് (SIT) പരാതി നൽകി. രാഹുൽ വിളിച്ചെങ്കിലും താൻ ഫോൺ എടുത്തില്ലെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്.
അതിജീവിതയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്ന കർശന വ്യവസ്ഥയോടെയാണ് ഡിസംബർ 10-ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥയുടെ ലംഘനമാണ് നടന്നതെന്ന് പോലീസ് വാദിക്കുന്നു.പോലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി, രാഹുൽ മാങ്കൂട്ടത്തിലിനോട് ഈ മാസം തന്നെ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടു. ബംഗളൂരു സ്വദേശിനിയായ 23-കാരി നൽകിയ പരാതിയിലാണ് കേസ്. രാഹുൽ ഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനും ലഭിച്ച പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.
