പൂഞ്ഞാറിൽ പി.സി. ജോർജ് തന്നെ; ബിജെപി സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചു

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ തയ്യാറാണെന്ന് പി.സി. ജോർജ് ബിജെപി നേതൃത്വത്തെ അറിയിച്ചു. ദേശീയ നേതൃത്വം നേരിട്ട് ബന്ധപ്പെട്ട് മത്സരിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജോർജ് പച്ചക്കൊടി കാട്ടിയത്. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.

കഴിഞ്ഞ ദിവസങ്ങളിൽ ബിജെപിയുടെ കേന്ദ്ര നേതാക്കൾ പി.സി. ജോർജുമായി ചർച്ചകൾ നടത്തിയിരുന്നു. മണ്ഡലത്തിലെ സ്വാധീനം കണക്കിലെടുത്ത് അദ്ദേഹം തന്നെ മത്സരിക്കണമെന്നതായിരുന്നു പാർട്ടിയുടെ ആവശ്യം. ബിജെപി പുറത്തിറക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തന്നെ പി.സി. ജോർജിന്റെ പേര് ഉണ്ടാകുമെന്നാണ് സൂചന. പാലാ മണ്ഡലത്തിൽ മകൻ ഷോൺ ജോർജ് ബിജെപി സ്ഥാനാർത്ഥിയായി എത്തുന്നതോടെ, രണ്ട് സുപ്രധാന മണ്ഡലങ്ങളിൽ ജോർജ് കുടുംബത്തിന്റെ സാന്നിധ്യം ഉറപ്പായി.

കഴിഞ്ഞ തവണ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലമാണിത്. ഇത്തവണ ബിജെപി ചിഹ്നത്തിൽ ജോർജ് മത്സരിക്കുന്നത് ഇടത്-വലത് മുന്നണികൾക്ക് വലിയ വെല്ലുവിളിയാകും. പാലായിലും പൂഞ്ഞാറിലും ഒരേപോലെ സ്വാധീനമുറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ക്രിസ്ത്യൻ വോട്ടുകളും ഹൈന്ദവ വോട്ടുകളും ഒരുപോലെ സമാഹരിക്കാൻ പി.സി. ജോർജിന്റെ സാന്നിധ്യം സഹായിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

Leave a Reply

Your email address will not be published. Required fields are marked *