ശബരിമല കൊടിമര സ്വർണ്ണ സംഭാവന: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി നൽകിയ സ്വർണ്ണത്തിന്റെ അളവിലും സംഭാവനയിലുമുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചാണ് വിജിലൻസ് സംഘം അന്വേഷിക്കുന്നത്. കൊച്ചിയിൽ വെച്ചായിരുന്നു മൊഴിയെടുപ്പ് നടന്നത്.

സ്വർണ്ണ സംഭാവനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ തന്റെ കൈവശമില്ലെന്ന് അദ്ദേഹം മൊഴി നൽകി. കൂടുതൽ സിനിമാ താരങ്ങളോട് കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വർണ്ണം നൽകാൻ താൻ നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. സ്വർണ്ണ സംഭാവന നൽകിയവരുടെ പട്ടികയിൽ കൂടുതൽ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതുവരെ 27 പേരുടെ പട്ടിക തയ്യാറാക്കിയതിൽ 20 പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള മറ്റ് 7 പേരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്താനാണ് വിജിലൻസ് നീക്കം. വിജിലൻസിന്റെ പക്കലുള്ള 27 പേരുടെ പട്ടികയേക്കാൾ കൂടുതൽ ആളുകൾ സ്വർണ്ണം നൽകിയിട്ടുണ്ടെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്.

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തരും പ്രമുഖരും നൽകിയ സ്വർണ്ണത്തിന്റെ അളവിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. സംഭാവനയായി ലഭിച്ച സ്വർണ്ണം മുഴുവൻ കൃത്യമായി വിനിയോഗിച്ചോ എന്നും രേഖകളിൽ കാണിച്ചിട്ടുണ്ടോ എന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *