തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം ചേർന്ന നിയമസഭാ സമ്മേളനം ശബരിമല സ്വർണ്ണക്കൊള്ളക്കേസിനെച്ചൊല്ലി പ്രക്ഷുബ്ധമായി. കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ ജാമ്യം ലഭിച്ചതും തന്ത്രിയുടെ അറസ്റ്റും മുൻനിർത്തി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭാവത്തിൽ ഡെപ്യൂട്ടി ലീഡർ കെ. ബാബുവാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിൽക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് കെ. ബാബു ആരോപിച്ചു. സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടതായും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിഷേധം കനത്തതോടെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നും സർക്കാർ ഇതിൽ ഇടപെട്ടിട്ടില്ലെന്നും നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമർശനം യഥാർത്ഥത്തിൽ ഹൈക്കോടതിക്കെതിരെയാണെന്നും മന്ത്രി പരിഹസിച്ചു.
ബിജെപിയുടെ രാഷ്ട്രീയ യാത്രകൾക്ക് വഴിമരുന്നിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ നാടകീയ രംഗങ്ങൾസഭയിൽ വാക്പോര് മുറുകിയതോടെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. യു.ഡി.എഫ് തന്ത്രിയുടെ അറസ്റ്റിനെ രാഷ്ട്രീയ പ്രേരിതമായി ചിത്രീകരിച്ച് സഭ ബഹിഷ്കരിച്ചു. സ്പീക്കർ ബഹളത്തിനിടയിലും ചോദ്യോത്തര വേളയുമായി മുന്നോട്ട് പോയി. തന്ത്രിക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും യുഡിഎഫും ബിജെപിയും രാഷ്ട്രീയ ഉപജാപത്തിന് ശ്രമിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി.
