വാഷിങ്ടൺ: ഇറാൻ ആണവകരാറിൽ ധാരണയിലെത്താൻ 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ കാലാവധിക്കുള്ളിൽ കരാർ യാഥാർത്ഥ്യമായില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. വാഷിങ്ടണിൽ നടന്ന ‘ബോർഡ് ഓഫ് പീസ്’ യോഗത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, അമേരിക്ക ആക്രമിക്കുകയാണെങ്കിൽ ശക്തമായി പ്രതിരോധിക്കുമെന്ന് ഇറാൻ യുഎൻ സെക്രട്ടറി ജനറലിന് അയച്ച കത്തിൽ വ്യക്തമാക്കി. മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ വലിയ ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഓർമ്മിപ്പിച്ചു.
ഫെബ്രുവരി 28-ന് ഇസ്രായേൽ പ്രധാനമന്ത്രിയുമായി അമേരിക്കൻ പ്രതിനിധികൾ നടത്തുന്ന ചർച്ച ഈ വിഷയത്തിൽ നിർണ്ണായകമാകും.
