ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും ജയശ്രീ കോടതിയെ അറിയിച്ചു. സന്നിധാനത്തിന് പുറത്തേക്ക് ദ്വാരപാലക ശില്പ പാളികൾ കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ല. തിരുവാഭരണം കമ്മീഷണറുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമാണ് ഉത്തരവിട്ടത്.
ദേവസ്വം ബോർഡ് എടുത്ത തീരുമാനങ്ങൾ രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അതിൽ യാതൊരുവിധ തിരുത്തലുകളും വരുത്തിയിട്ടില്ലെന്ന് ജയശ്രീ വ്യക്തമാക്കുന്നു. മേൽത്തട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഫയലുകൾ നീക്കുക മാത്രമാണ് ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ താൻ ചെയ്തതെന്നും അവർ കോടതിയിൽ പറഞ്ഞു. സ്വർണ്ണക്കൊള്ള കേസിൽ നാലാം പ്രതിയായ ജയശ്രീ, മുൻകൂർ ജാമ്യം തേടിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2019-ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയതിലാണ് ജയശ്രീക്കെതിരെ കേസെടുത്തത്. തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാമെന്നുമാണ് ജയശ്രീയുടെ നിലപാട്. നേരത്തെ ഹൈക്കോടതി രണ്ട് തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
