ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാകുമ്പോൾ ഏകദേശം 70 ലക്ഷത്തോളം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്ന് സൂചന. കരട് പട്ടികയിൽ നിന്ന് നേരത്തെ തന്നെ 58 ലക്ഷം പേരെ നീക്കം ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 5 ലക്ഷം പേരെ കൂടി ഒഴിവാക്കി.
തെളിവെടുപ്പ് നടപടികൾക്ക് 5 ലക്ഷത്തോളം പേർ ഹാജരാകാത്തതും പട്ടികയിലെ കൊഴിഞ്ഞുപോക്കിന് ആക്കം കൂട്ടി. ഈ സാഹചര്യത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും.
വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ഏപ്രിൽ മാസം മുതൽ ആരംഭിക്കും. തയ്യാറെടുപ്പുകൾ തുടങ്ങാൻ നിർദ്ദേശിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കമ്മീഷൻ കത്തയച്ചു. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരേസമയം പരിഷ്കരണ നടപടികൾ നടപ്പിലാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
