നെടുമങ്ങാട് ശിശുമരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഇന്ന് കൈമാറും; ഡോക്ടര്‍ക്കെതിരെ നടപടി കടുക്കാന്‍ സാധ്യത

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ മെഡിക്കൽ വിദഗ്ധ സമിതി ഇന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകും. എസ്.എ.ടി ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ഡോക്ടർക്കെതിരെയുള്ള തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെത്തിയ അന്വേഷണസംഘം കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ചികിത്സ വൈകിപ്പിച്ചെന്നും ഡോക്ടർ കൈക്കൂലി വാങ്ങിയെന്നുമുള്ള ഗുരുതര ആരോപണങ്ങൾ ഇവർ മൊഴിയിൽ ആവർത്തിച്ചിട്ടുണ്ട്. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെയും സമിതി നേരിട്ട് കേട്ടു. ഇവരെ നിലവിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

മെഡിക്കൽ സംഘം നൽകുന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് പോലീസിന് കൈമാറും. ഇതിനുശേഷമായിരിക്കും പോലീസ് കേസിലെ തുടർനടപടികളിലേക്ക് കടക്കുക. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രതിഷേധം നടത്തിയവർക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. എന്നാൽ, കുറ്റക്കാരായ ഡോക്ടർക്കെതിരെ കൂടുതൽ ശക്തമായ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *