മുംബൈ: ഇന്ത്യയിലേക്ക് എന്ന് മടങ്ങിയെത്താൻ കഴിയുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന് സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ കൈവശമില്ലാത്തതാണ് തിരിച്ചുവരവിന് തടസ്സമായി മല്യ ചൂണ്ടിക്കാട്ടുന്നത്. ചീഫ് ജസ്റ്റിസ് എം.എസ്. രാമചന്ദ്ര റാവു, ജസ്റ്റിസ് ഗൗതം പട്ടേൽ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ മുഖേനയാണ് മല്യ നിലപാട് വ്യക്തമാക്കിയത്.
നേരിട്ട് ഹാജരാകാതെ മല്യ സമർപ്പിച്ച ഹർജികൾ പരിഗണിക്കില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ ‘പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി’ ആയി പ്രഖ്യാപിച്ച നടപടിയെയും, സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാ സാധുതയെയും ചോദ്യം ചെയ്തുകൊണ്ടാണ് മല്യ കോടതിയെ സമീപിച്ചത്. നിയമനടപടികളിൽ നിന്ന് ഒളിച്ചോടുന്ന ഒരാൾക്ക് കോടതിയുടെ ആനുകൂല്യങ്ങൾ തേടാൻ അർഹതയില്ലെന്ന സൂചനയാണ് കോടതി നൽകുന്നത്.
വിവിധ ബാങ്കുകളിൽ നിന്നായി കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് 2016 മാർച്ചിലാണ് വിജയ് മല്യ ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതി മല്യയെ ‘ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെൻഡർ’ ആയി പ്രഖ്യാപിച്ചു. നിലവിൽ യുണൈറ്റഡ് കിങ്ഡത്തിൽ കഴിയുന്ന മല്യയെ വിട്ടുകിട്ടാനുള്ള നിയമപോരാട്ടം ഇന്ത്യൻ ഏജൻസികൾ തുടരുകയാണ്.
