നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തയ്യാർ; 40 മണ്ഡലങ്ങളിൽ ധാരണ

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ നിർണ്ണായക നീക്കവുമായി കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി. ആദ്യഘട്ടത്തിൽ 40 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കമ്മിറ്റി തയ്യാറാക്കി. സിറ്റിങ് സീറ്റുകൾ, സംവരണ മണ്ഡലങ്ങൾ, തർക്കങ്ങളില്ലാത്ത ഏകനാമ മണ്ഡലങ്ങൾ എന്നിവയാണ് ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഭൂരിഭാഗം സിറ്റിങ് എം.എൽ.എമാരും വീണ്ടും ജനവിധി തേടും. എന്നാൽ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ മാറ്റമുണ്ടാകാനാണ് സാധ്യത. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരരംഗത്തിറങ്ങും. കോഴിക്കോട് കൊയിലാണ്ടിയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായും സൂചനയുണ്ട്. സംവരണ സീറ്റുകളിലെ അന്തിമ തീരുമാനത്തിനായി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി, കൊടിക്കുന്നിൽ സുരേഷ് എം.പിയുമായി ഇന്ന് ചർച്ച നടത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്രയ്ക്ക് ശേഷം മതി സ്ഥാനാർഥി പ്രഖ്യാപനമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 22-ന് ചേരുന്ന നിർണ്ണായക യോഗത്തിന് ശേഷമാകും പട്ടിക ഹൈക്കമാൻഡിന് കൈമാറുക. അടുത്ത ആഴ്ചയോടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *