എപ്സ്റ്റീൻ വിവാദം: എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് ബിൽ ഗേറ്റ്സ് പിന്മാറി, പകരം അങ്കൂർ വോറ എത്തും

ന്യൂഡൽഹി: തലസ്ഥാനത്ത് നടക്കുന്ന ആഗോള ‘എഐ ഇംപാക്ട്’ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കില്ല. എപ്സ്റ്റീൻ ഫയൽ വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ഗേറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അങ്കൂർ വോറയാകും ചടങ്ങിൽ സംബന്ധിക്കുക.

‘എല്ലാവർക്കും ക്ഷേമം, എല്ലാവർക്കും സന്തോഷം’ എന്ന പ്രമേയത്തിൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് പ്രസിഡന്റ്, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ തുടങ്ങി ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കളും നൂറിലധികം സിഇഒമാരും ഗവേഷകരും ഉച്ചകോടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസം ഭാരത് മണ്ഡപത്തിലെത്തിയ വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചിരുന്നു.

അതേസമയം, ഉച്ചകോടിയെ ചൊല്ലി കേന്ദ്ര സർക്കാരും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കം രൂക്ഷമാവുകയാണ്. എഐ ഉച്ചകോടിയെ ബിജെപി ഒരു ‘ചൈനീസ് ചന്ത’യായി തരംതാഴ്ത്തിയെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു. നവീകരണത്തിനും ആശയവിനിമയത്തിനുമുള്ള അന്താരാഷ്ട്ര വേദിയാകേണ്ട ഉച്ചകോടിയെ കേന്ദ്രം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *