ചെന്നൈ: ഗവർണർ പദവിയും അധികാരങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ രാജ്യത്തുടനീളം തുടരുന്നതിനിടെ, ഗവർണർ നിയമനത്തിൽ നിർണ്ണായക പരിഷ്കാരങ്ങൾ നിർദേശിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് സമിതി. തമിഴ്‌നാട് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുള്ള ശുപാർശകൾ ഉള്ളത്.
ഗവർണറെ കേന്ദ്രസർക്കാർ നേരിട്ട് നിശ്ചയിക്കുന്ന രീതിക്ക് പകരം, ബന്ധപ്പെട്ട സംസ്ഥാന നിയമസഭ നൽകുന്ന മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ രാഷ്ട്രപതി നിയമിക്കണം. ഗവർണർക്ക് അഞ്ച് വർഷത്തെ ഒരു ടേം മാത്രമേ നൽകാവൂ. പുനർനിയമനം പാടില്ല. കാലാവധി പൂർത്തിയാക്കിയ ശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളൊഴികെ മറ്റൊരു ഭരണഘടനാ പദവികളിലും ഗവർണർമാരെ നിയമിക്കരുത്. ഇത് പദവിയുടെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പാക്കാനാണ്.
നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണമെന്നും സമിതി നിർദേശിക്കുന്നു. പലപ്പോഴും സർക്കാർ തയ്യാറാക്കുന്ന പ്രസംഗം വായിക്കുന്നതിൽ ഗവർണർമാർ വിമുഖത കാട്ടുന്നത് തർക്കങ്ങൾക്ക് കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണിത്. സജീവ രാഷ്ട്രീയത്തിൽ ഉള്ളവരെ ഗവർണർമാരായി നിയമിക്കുന്നത് ഒഴിവാക്കണം. നിയമനത്തിന് തൊട്ടുമുൻപുള്ള വർഷങ്ങളിൽ രാഷ്ട്രീയ പാർട്ടികളിൽ ഭാരവാഹിത്വം വഹിച്ചവർക്ക് പദവി നൽകരുത്. തോന്നിയപോലെ ഗവർണർമാരെ പിൻവലിക്കാൻ കഴിയുന്ന രീതിയിൽ മാറ്റം വേണം.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കണം. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സമിതി നിരീക്ഷിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാര വടംവലികളിൽ ഗവർണർ പദവി ഒരു ആയുധമായി മാറുന്നു എന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട് പ്രസക്തമാകുന്നത്. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗവർണർമാരും സർക്കാരും തമ്മിലുള്ള പോര് സുപ്രീം കോടതി വരെ എത്തിയ സാഹചര്യത്തിലാണ് കുര്യൻ ജോസഫ് സമിതിയുടെ നിരീക്ഷണം ഗൗരവമർഹിക്കുന്നത്.
