കൊച്ചി: ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസു സൈബയെ അറസ്റ്റ് ചെയ്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണാനിരിക്കെ, വീടിന്റെ വാതിൽ തകർത്ത് അതിവേഗം അറസ്റ്റ് രേഖപ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. സംഭവത്തിൽ ഹിൽ പാലസ് എസ്.എച്ച്.ഒ ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ കോടതി നിർദേശിച്ചു.
സാമ്പത്തിക ക്രമക്കേടുകളോ മറ്റ് ഗുരുതര കുറ്റകൃത്യങ്ങളോ ഇല്ലാത്ത ഒരു കേസിൽ, കിടപ്പുമുറിയുടെ വാതിൽ തകർത്ത് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ആരാഞ്ഞു. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ പുലർച്ചെ നടത്തിയ ഈ നീക്കം ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചു. ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, തന്റെ അറസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി ഷംസു സൈബ ആരോപിച്ചു.”മുൻകൂർ ജാമ്യം ലഭിക്കുന്നതിന് മുൻപ് എന്നെ എങ്ങനെയെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് പൊലീസിന് മേൽ ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. ആമസോൺ പ്രൈമിന് നൽകേണ്ട ഫയലുകൾ ഉൾപ്പെടെ നിർമ്മാതാവിന് കൈമാറിയിട്ടും പ്രതിഫലം നൽകാൻ അവർ തയ്യാറായിട്ടില്ല.” ഷംസു സൈബ പറഞ്ഞു.
സംവിധായകന്റെ വാദംപ്രതിഫലംസംവിധായകനും മറ്റ് 15 സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം ലഭിക്കാനുണ്ട്. സിനിമയുടെ വിതരണം ആവശ്യമായ എല്ലാ ഫയലുകളും നിർമ്മാതാവിന് നൽകിക്കഴിഞ്ഞു. സിനിമ നഷ്ടത്തിലാണെന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നു. ആദ്യ ദിവസം തന്നെ മുടങ്ങിപ്പോകേണ്ടിയിരുന്ന സിനിമ തന്റെ കഠിനാധ്വാനം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും, സിനിമയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
