ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; തിരിച്ചടി ഭയന്ന് അന്വേഷണസംഘം

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് പത്മകുമാർ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ റിമാൻഡിൽ തന്നെ തുടരേണ്ടി വരും.

കേസിലെ പ്രതികൾ ഓരോരുത്തരായി ജാമ്യം നേടി പുറത്തിറങ്ങുന്നത് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത്. തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം: കേസിലെ 13-ാം പ്രതിയായ തന്ത്രി കണ്ഠരര് രാജീവർ 41 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രോസിക്യൂഷൻ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ്. ശ്രീകുമാർ, ഡി. സുധീഷ് കുമാർ, എൻ. വാസു, കെ. എസ്. ബൈജു എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ജംഷഡ്‌പൂരിലേക്ക് അയച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ശാസ്ത്രീയ തെളിവുകളിലൂടെ കേസ് ശക്തമാക്കാമെന്നാണ് എസ്.ഐ.ടിയുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *