ന്യൂഡൽഹി: ഓസ്‌ട്രേലിയക്ക് പിന്നാലെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഡൽഹിയിൽ നടന്ന ‘ഇന്ത്യ എഐ ഇംപാക്ട്’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഇന്ത്യയിൽ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ പ്രത്യേക നിയമങ്ങളില്ല. ഈ സാഹചര്യം മാറണമെന്നും കുട്ടികളുടെ സുരക്ഷ മുൻനിർത്തി പുതിയ നിയമം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിയമം നിലവിൽ വന്നാൽ മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം), എക്സ് (ട്വിറ്റർ), യൂട്യൂബ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഇത് ബാധകമായിരിക്കും.
വർദ്ധിച്ചുവരുന്ന ഡീപ്ഫേക്ക് കേസുകളും സൈബർ കുറ്റകൃത്യങ്ങളും കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. “കുട്ടികളെ സൈബർ ലോകത്തെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകൾ ആരംഭിച്ചിട്ടുണ്ട്.” – അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
