ബാർ സമയമാറ്റം: പ്രതിപക്ഷത്തെ വെട്ടിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിരോധത്തിലായ സർക്കാർ, ഇപ്പോൾ പ്രതിപക്ഷത്തിനെതിരെ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നു. ടൂറിസം മേഖലയിലെന്നപോലെ സംസ്ഥാനത്തുടനീളം ബാർ സമയം ദീർഘിപ്പിക്കുന്നതിനെ പ്രതിപക്ഷം അനുകൂലിച്ചിരുന്നു എന്ന വാദമാകും സർക്കാർ പ്രധാനമായും ഉയർത്തുക.

വിവാദം തുടരുകയാണെങ്കിൽ, ഈ തീരുമാനത്തെ പിന്തുണച്ച് സംസാരിച്ച പ്രതിപക്ഷ നേതാക്കളുടെ പേരുവിവരങ്ങൾ ഉൾപ്പെടെ പുറത്തുവിടാനാണ് സർക്കാരിന്റെ നീക്കം. ചട്ട ഭേദഗതിയോടെ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയായി മാറി. ഈ മാറ്റം ഇന്നുമുതൽ പ്രാബല്യത്തിൽ വരും.

പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് തങ്ങൾ പ്രതിപക്ഷത്തെ സമീപിച്ചിരുന്നുവെന്ന് ബാർ ഉടമകളുടെ സംഘടന വ്യക്തമാക്കിയത് സർക്കാരിന് ആയുധമായിട്ടുണ്ട്. വിഷയം മുന്നണിയിൽ ചർച്ച ചെയ്തിരുന്നുവെന്ന് എൽ.ഡി.എഫ് നേതൃത്വവും ഉടൻ വ്യക്തമാക്കും. സമയമാറ്റം പ്രതിപക്ഷം അറിഞ്ഞാണെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് ഡീൽ എന്ന ആരോപണത്തിൽ പ്രതിപക്ഷവും സഭകളും ഉറച്ചുനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *