ഇന്ത്യയുടെ ‘പ്രോജക്ട് ചീറ്റ’യ്ക്ക് പുത്തൻ ഉണർവ്: കുനോയിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾ കൂടി പിറന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. ഗാമിനിയുടെ രണ്ടാമത്തെ പ്രസവമാണിതെന്ന പ്രത്യേകതയുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിക്കുന്ന ദൗത്യം മൂന്ന് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ സന്തോഷവാർത്ത പുറത്തുവരുന്നത്.

ഇന്ത്യൻ മണ്ണിൽ ചീറ്റകളുടെ ഒൻപതാമത്തെ വിജയകരമായ പ്രസവമാണിത്. പുതിയ അതിഥികൾ കൂടി എത്തിയതോടെ രാജ്യത്ത് ജനിച്ചു വളരുന്ന ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം 27 ആയി. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 38 ലേക്ക് ഉയർന്നു. “കുനോയ്ക്കും ഇന്ത്യയ്ക്കും ഇത് അഭിമാന നിമിഷമാണ്. ഗാമിനിയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ വളരട്ടെ. ഇന്ത്യയുടെ ചീറ്റ പുനരുദ്ധാരണ ചരിത്രത്തെ ഇവ കരുത്തോടെ മുന്നോട്ടുനയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” – ഭൂപേന്ദർ യാദവ്

ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഫീൽഡ് ഉദ്യോഗസ്ഥരെയും വെറ്ററിനറി സംഘത്തെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഓരോ ചീറ്റക്കുഞ്ഞിന്റെയും ജനനം ‘പ്രോജക്ട് ചീറ്റ’ എന്ന ബൃഹദ് ദൗത്യത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *