സമുദ്രത്തിൽ വിസ്മയമൊരുക്കി ‘ഫ്ലീറ്റ് റിവ്യൂ’; വിശാഖപട്ടണത്ത് 72 രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ അണിനിരക്കുന്നു

വിശാഖപട്ടണം: ഏഷ്യയിലെ ഏറ്റവും വലിയ നാവിക അഭ്യാസപ്രകടനത്തിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തീരം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയുടെ സൈനിക കരുത്തും അന്താരാഷ്ട്ര സൗഹൃദവും വിളിച്ചോതുന്ന ഈ ‘മഹാപരേഡിൽ’ ലോകത്തെ 72 രാജ്യങ്ങളിൽ നിന്നുള്ള നാവികസേനകളാണ് പങ്കെടുക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിനായി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഇതിനോടകം തന്നെ ബംഗാൾ ഉൾക്കടലിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.

അറുപതിലധികം അത്യാധുനിക യുദ്ധക്കപ്പലുകളും അന്തർവാഹിനികളുമാണ് അണിനിരക്കുന്നത്. സായുധസേനകളുടെ പരമാധികാരിയായ രാഷ്ട്രപതി ദ്രൗപദി മുർമു നാവികസേനയുടെ അഭിവാദ്യം സ്വീകരിക്കും. തദ്ദേശീയമായി നിർമ്മിച്ച ഐഎൻഎസ് സുമേത (INS Sumedha) എന്ന കപ്പലിൽ സഞ്ചരിച്ചാണ് രാഷ്ട്രപതി കപ്പലുകളെയും അന്തർവാഹിനികളെയും ആഴക്കടലിൽ പരിശോധിക്കുന്നത്.

ആന്ധ്രപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും രാഷ്ട്രപതിയെ അനുഗമിക്കും. ലോകശക്തികളായ അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകൾ പരേഡിന്റെ ഭാഗമാകും. ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെയുള്ളവ സൈനിക വീര്യം പ്രദർശിപ്പിക്കും. വിവിധ രാജ്യങ്ങളിലെ നാവികസേനകൾ അവരുടെ വൈദഗ്ധ്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദി കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *