തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് കണക്കുകളിലുണ്ടായ വീഴ്ചകളുടെ പൂർണ്ണ ഉത്തരവാദിത്തം മുൻ ദേവസ്വം ബോർഡിനാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ടിലെ വസ്തുതാപരമായ പിശകുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.
ഓഡിറ്ററുടെ പിഴവല്ല വന്നിരിക്കുന്നത്, മറിച്ച് ഓഡിറ്റ് ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡ് കൃത്യമായ മറുപടി നൽകാത്തതാണ് പ്രശ്നമായത്. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് അന്തിമമല്ല. പുതുക്കിയ റിപ്പോർട്ട് ഈ മാസം 26-ന് കോടതിയിൽ സമർപ്പിക്കും. പരിപാടിയുടെ ആകെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തും. സംഘാടകരായ IIIC-യുമായുള്ള കരാർ പ്രകാരം 8 കോടി രൂപയായിരുന്നെങ്കിലും, 4.99 കോടി മാത്രമേ നൽകാനാകൂ എന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്.
സ്പോൺസർഷിപ്പിലൂടെ 3.85 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇതിൽ ഒരു കോടി രൂപയുടെ കുറവുണ്ട്. ഊരാളുങ്കൽ സൊസൈറ്റിക്ക് നിശ്ചയിച്ചതിലും അധികം തുക നൽകില്ലെന്നും ബോർഡ് വ്യക്തമാക്കി. ബോർഡിന്റെ തുക അയ്യപ്പ സംഗമത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പ് പാലിക്കും. അഡ്വാൻസായി നൽകിയ 3 കോടി രൂപ ഇതിനകം തിരികെ ലഭിച്ചു. ഇനി ഏകദേശം 1.15 കോടി രൂപ കൂടി നൽകാനുണ്ട്.
