നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവകേരള സർവ്വേ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. കൃത്യമായ ബജറ്റ് വിഹിതമോ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതിയോ ഇല്ലാതെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി. കെ.എസ്.യു നേതാക്കളായ അലോഷ്യസ് സേവ്യർ, മുബാസ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

പദ്ധതിക്കായി ബജറ്റിൽ തുക വകയിരുത്തുകയോ ഔദ്യോഗികമായി ധനാനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തി. സി.പി.ഐ.എം – എൽ.ഡി.എഫ് പ്രവർത്തകരെ വോളന്റിയർമാരായി നിശ്ചയിച്ചതിലൂടെ സർക്കാർ ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന വാദം കോടതി ഗൗരവമായെടുത്തു. പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കോടതി ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ രേഖകൾ ഹാജരാക്കാൻ സർക്കാരിന് സാധിച്ചില്ല.

സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 20 കോടി രൂപ ചിലവഴിച്ചാണ് നവകേരള സർവ്വേ പ്രഖ്യാപിച്ചത്. എന്നാൽ, പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന സർവ്വേ ഭരണകക്ഷിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ വിധി സർക്കാരിനും ഇടത് മുന്നണിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *