തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ നിർണ്ണായകമായ വിധി നാളെ പുറപ്പെടുവിക്കും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈ കേസിൽ വിധി പ്രസ്താവിക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി തന്നെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് നാളെ തീരുമാനമുണ്ടാകുക. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ പ്രധാന വാദം.
ലഹരിക്കേസിൽ പ്രതിയായ ഒരു വിദേശിയെ രക്ഷിക്കാൻ വേണ്ടി അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസ്. കേസിലെ പ്രധാന തെളിവായ അടിവസ്ത്രത്തിൽ തിരിമറി നടത്തി വലിപ്പം കുറച്ചു എന്നാണ് ആരോപണം. 3 വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരുന്നത്. ഈ വിധി നേരത്തെ ജില്ലാ സെഷൻസ് കോടതി താത്കാലികമായി മരവിപ്പിച്ചിരുന്നു.
