കൊച്ചി: കുവൈറ്റിൽനിന്ന് നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ ദുരൂഹമരണത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവ്. എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി.
നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിലവിലുള്ള അന്വേഷണസംഘത്തിന്റെ പ്രവർത്തനത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന കോടതിയുടെ കർശന നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോൾ ഡിഐജിയുടെ നേതൃത്വത്തിൽ പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. സൂരജ് ലാമ കൊച്ചിയിൽ എത്തിയത് മുതലുള്ള മുഴുവൻ സംഭവവികാസങ്ങളും സംഘം പരിശോധിക്കും.
സൂരജ് ലാമയുടെ മകൻ സാന്തൻ ലാമ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട സൂരജ് ലാമ വിമാനത്താവളത്തിൽ എത്തിയ ശേഷം കാണാതാവുകയും തുടർന്ന് ലാമയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഈ കാലയളവിൽ ലാമയ്ക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിമാനത്താവളത്തിൽ ഇറങ്ങിയ ഒരാൾ പിന്നീട് മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു.
