ദിസ്പുർ: അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടിയായി മുൻ പി.സി.സി അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടി വിട്ടു. തിങ്കളാഴ്ച രാവിലെയാണ് അദ്ദേഹം തന്റെ രാജി കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. പാർട്ടിയുടെ പ്രവർത്തന ശൈലിയിൽ അതൃപ്തിയുണ്ടെന്നും ആത്മാഭിമാനം പണയം വെച്ച് തുടരാനാകില്ലെന്നും ബോറ വ്യക്തമാക്കി. മജുലിയിൽ നടന്ന കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നണി ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജി എന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. സജീവ രാഷ്ട്രീയം വിടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾ അദ്ദേഹത്തെ സമീപിച്ചതായി സൂചനയുണ്ട്.
1994കോൺഗ്രസിൽ പ്രവർത്തനം ആരംഭിച്ചു. 2006 – 2016 ബിഹ്പുരിയ മണ്ഡലത്തിൽ നിന്നും രണ്ടുതവണ എം.എൽ.എയായി. 2021 – 2024 അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. 2024 ജൂൺ ഗൗരവ് ഗൊഗോയിക്ക് വേണ്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു.”പാർട്ടിയിലെ പ്രവർത്തന രീതികളെക്കുറിച്ച് ഞാൻ മുൻപേ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ എന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഇത്തരമൊരു തീരുമാനം എടുത്തത്” എന്ന് രാജി സംബന്ധിച്ചുള്ള വിശദാംശത്തിൽ ഭൂപൻ ബോറ അറിയിച്ചു.
