തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക വിനിയോഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളിൽ വീണ്ടും വലിയ തോതിലുള്ള അവ്യക്തതകൾ പ്രകടമാകുന്നു. പരിപാടിയുടെ ചെലവുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ സൊസൈറ്റി സമർപ്പിച്ച ജിഎസ്ടി ഇൻവോയ്സ്, ഓഡിറ്റ് റിപ്പോർട്ട്, ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് എന്നിവയിലെ തുകകൾ തമ്മിൽ പരസ്പര വിരുദ്ധമായ കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഏറ്റവും പുതിയ ജിഎസ്ടി ഇൻവോയ്സ് പ്രകാരം ആകെ ചെലവ് 7.11 കോടി രൂപയാണെന്ന് കാണിക്കുന്നു. എന്നാൽ ഇതേ കാര്യത്തിൽ ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് 6.32 കോടി രൂപയാണെന്നും, ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ടിൽ ഇത് 4.5 കോടി രൂപ മാത്രമാണെന്നും വ്യക്തമാകുന്നു.
സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള വാർത്തകൾ സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ, വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പത്രക്കുറിപ്പ് ഇറക്കി. റിപ്പോർട്ടുകൾ തയ്യാറാക്കിയതിലെ തിടുക്കം കാരണം ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിൽ ചാർട്ടേഡ് അക്കൗണ്ടിനും ഊരാളുങ്കലിന്റെ ഉപകമ്പനിക്കുമാണ് വീഴ്ച പറ്റിയതെന്നും ബോർഡ് പരോക്ഷമായി കുറ്റപ്പെടുത്തി.
