കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട പെൺകുട്ടി കഴിഞ്ഞ ഒരു വർഷത്തോളമായി ക്രൂരമായ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളിൽ പോലും പീഡനം നടന്നതായാണ് റിപ്പോർട്ടിലെ സൂചനകൾ.
കഴിഞ്ഞ മാസം 16-ാം തീയതിയാണ് എളമക്കരയിലെ വാടകവീട്ടിൽ വെച്ച് മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുള്ള ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയത് കേസിൽ വലിയ വഴിത്തിരിവായി. തുടർന്ന് ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ തയ്യാറാക്കിയ അന്തിമ റിപ്പോർട്ടിലാണ് കുട്ടി നേരിട്ടത് കൊടുംക്രൂരതയാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തിൽ നിലവിൽ പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ കേസിന്റെ അന്വേഷണം അതീവ സങ്കീർണ്ണമായ ഘട്ടത്തിലാണ്. കുട്ടി പീഡനത്തിന് ഇരയായ വിവരം തനിക്ക് അറിയില്ലെന്നാണ് അമ്മ പോലീസിന് നൽകിയ മൊഴി. പെൺകുട്ടിയും പിതാവും മരണപ്പെട്ട സാഹചര്യത്തിൽ, കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്തുക എന്നത് പോലീസിന് വലിയ വെല്ലുവിളിയാണ്. എങ്കിലും കുറ്റവാളിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം.
