ന്യൂഡൽഹി: വിവാദമായ എപ്‌സ്റ്റീൻ ഫയൽസ് വിഷയത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ഏറ്റുപിടിച്ച പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധവുമായി രംഗത്തിറങ്ങി.
അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട രേഖകളിൽ ഹർദീപ് സിങ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം. എന്നാൽ, ഈ ആരോപണങ്ങളെ മന്ത്രി ഹർദീപ് സിങ് പുരി നിഷേധിച്ചു.
ജെഫ്രി എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന കാര്യം സമ്മതിച്ച മന്ത്രി, എന്നാൽ എപ്‌സ്റ്റീൻ പ്രതിയായ കുറ്റകൃത്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി.
