തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും യൂണിഫോമുകളുടെയും വിതരണത്തിന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അധ്യയന വർഷം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ വിതരണം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും യൂണിഫോമുമാണ് തയാറായത്. ഒന്നാം ഘട്ടത്തിൽ ഏകദേശം 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. സംസ്ഥാനത്തെ 8,00,193 കുട്ടികൾക്ക് ഇത്തവണ സൗജന്യ കൈത്തറി യൂണിഫോം ലഭിക്കും. മെയ് മാസത്തോടെ വിതരണം പൂർണ്ണമായും പൂർത്തിയാക്കി സ്കൂൾ തുറക്കുന്ന ദിവസം തന്നെ കുട്ടികളുടെ കയ്യിൽ പുസ്തകങ്ങൾ എത്തിക്കുകയെന്നതാണ് ലക്ഷ്യം.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇത്രയും നേരത്തെ പാഠപുസ്തക വിതരണം ആരംഭിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ ഇത്തവണ ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്കയില്ലാത്ത രീതിയിൽ അധ്യയന വർഷം തുടങ്ങാനാണ് സർക്കാർ ഒരുങ്ങുന്നത്.
