മുൻ കരസേന മേധാവി ജനറൽ എം.എം. നരവനെ രചിച്ച ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) എന്ന പുസ്തകം ഔദ്യോഗിക അനുമതിക്ക് മുൻപേ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വിവാദത്തിന് പിന്നാലെ വിരമിച്ച ഉദ്യോഗസ്ഥർക്ക് നേരിട്ട് സർവീസ് നിയമങ്ങൾ ബാധകമല്ലെങ്കിലും, തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്തുന്ന കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് സർക്കാർ നീക്കം.
വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ പുസ്തക പ്രസിദ്ധീകരണത്തിന് നിലവിൽ ഏകീകൃത ചട്ടങ്ങളില്ല. ഈ പശ്ചാത്തലത്തിൽ, ഔദ്യോഗിക രഹസ്യ നിയമവും സർവീസ് ചട്ടങ്ങളും ഉൾപ്പെടുത്തി പുതിയ നിയമവലി തയ്യാറാക്കാൻ മന്ത്രാലയം തീരുമാനിച്ചു. പെൻഗ്വിൻ ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം ചോർന്ന വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് പോലീസിൽ പരാതി നൽകിയില്ല എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ പെൻഗ്വിൻ ബുക്സിന് കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചത്.
