കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. നേരത്തെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം ഹാജരാക്കണം, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കുറ്റകൃത്യങ്ങളിൽ ഇനിയും ഏർപ്പെടരുത് എന്നിവയാണ് കോടതി നിർദ്ദേശിച്ച പ്രധാന ജാമ്യ വ്യവസ്ഥകൾ.
പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നത് വരെ ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ വാദം. എന്നാൽ, ഷിംജിത 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് റിപ്പോർട്ടിനായി ഇത്രയും കാലം റിമാൻഡിൽ തുടരുന്നത് നീതീകരിക്കാനാവില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
