ന്യൂഡൽഹി: രാജ്യവും പൗരന്മാരും ഒരേപോലെ തങ്ങളുടെ ആന്തരിക കരുത്ത് തിരിച്ചറിയേണ്ട നിർണായക സമയമാണിതെന്ന് രാഹുൽ ഗാന്ധി. രാജ്യം ഇപ്പോൾ നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നും എന്നാൽ അവയെ നേരിടാനുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ ഐയുടെ ഇന്ധനമാണ് ഡേറ്റയെന്നും ഐടി മേഖലയിൽ എഐ വെല്ലുവിളി ഉയർത്തുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ബജറ്റിന് സമാന്തരമായി വന്ന ഇന്ത്യ-യുഎസ് കരാറിലെ നിബന്ധനകൾ ഇപ്പോഴും അവ്യക്തമാണ്. ട്രംപ് ഭരണകൂടവുമായി കരാറിൽ ഏർപ്പെടുമ്പോൾ ഇരുരാജ്യങ്ങളും തുല്യരാണെന്ന നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നത്.
കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണമായിരുന്നു. നമ്മൾ ആരുടെയും അടിമകളല്ലെന്ന വ്യക്തമായ സന്ദേശം കരാറിലുണ്ടാകണം. രാജ്യത്തിന് അത്യാവശ്യമായ ഊർജ്ജം, ഫിനാൻസ് എന്നീ മേഖലകളെ ബജറ്റ് പൂർണ്ണമായും അവഗണിച്ചു. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ഒരു ദുരന്തമായല്ല, മറിച്ച് രാജ്യത്തിന്റെ കരുത്തായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
