വാഷിങ്ടൺ: അമേരിക്കയും ബംഗ്ലാദേശും തമ്മിൽ വ്യാപാര കരാർ നിലവിൽ വന്നു. ബംഗ്ലാദേശിനുള്ള പകരം തീരുവ 19 ശതമാനമാക്കി കുറച്ച് അമേരിക്ക. ആഗോള തുണി വിതരണ ശൃംഖലയിൽ ബംഗ്ലാദേശിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ചുവടുവയ്പാണ് കരാർ എന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് വ്യക്തമാക്കി.
വ്യാഴാഴ്ച ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്ക- ബംഗ്ലാദേശ് വ്യാപാര കരാർ യാഥാർത്ഥ്യമായിരിക്കുന്നത്. അമേരിക്കയിൽ നിർമ്മിച്ച സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ചില തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും നികുതി രഹിത പ്രവേശനവും അനുവദിച്ചു.
ബംഗ്ലാദേശിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക കഴിഞ്ഞ ഏപ്രിലിൽ 37 ശതമാനം വരെ തീരുവ ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ തീരുവ 20 ശതമാനമായി കുറച്ചിരുന്നു.
