കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ കുടുംബത്തോട് കേരള ഹൈക്കോടതി പരസ്യമായി ക്ഷമ ചോദിച്ചു. ഭരണകൂടത്തിന്റെയും പോലീസ് സംവിധാനങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. “സംവിധാനത്തിന്റെ പരാജയത്തിന് ഞങ്ങൾ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു,” എന്ന് കോടതി വികാരാധീനമായി പറഞ്ഞു. ഒരാൾക്ക് സ്വന്തം രാജ്യത്തേക്ക് സുരക്ഷിതമായി മടങ്ങാൻ കഴിയാത്ത അവസ്ഥ സിസ്റ്റത്തിന്റെ വലിയ പോരായ്മയാണെന്നും കോടതി കൂട്ടിച്ചേർത്തു.
നവംബർ 30-ന് കളമശേരിയിൽ നിന്ന് കണ്ടെത്തിയ അഴുകിയ നിലയിലുള്ള മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതിന്റെ ഫലം വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ചു. കുവൈറ്റിലെ വ്യാജമദ്യ ദുരന്തത്തെത്തുടർന്ന് ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിലായിരുന്നു സൂരജ്. എന്നാൽ കുടുംബത്തെപ്പോലും അറിയിക്കാതെ കുവൈറ്റ് അധികൃതർ ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു.
കൊച്ചി വിമാനത്താവളത്തിലെത്തിയ സൂരജിന് ആവശ്യമായ സുരക്ഷയോ സഹായമോ നൽകുന്നതിൽ പോലീസും എയർപോർട്ട് അധികൃതരും പരാജയപ്പെട്ടു. പിന്നീട് തൃക്കാക്കര പോലീസ് ഇദ്ദേഹത്തെ അവശനായി കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും, കൃത്യമായി തിരിച്ചറിയാനോ സംരക്ഷിക്കാനോ ശ്രമിക്കാതെ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ അനുവദിച്ചു. ഇത് വലിയ വീഴ്ചയാണെന്ന് കോടതി കണ്ടെത്തി.
