ശബരിമല സ്വർണ്ണക്കൊള്ള: ഇഡി കേസിൽ അറസ്റ്റ് ഉടനുണ്ടാകില്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികളുടെ അറസ്റ്റ് ഉടനടിയുണ്ടാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റി. നിലവിൽ ലഭ്യമായ വിവരങ്ങളും രേഖകളും പൂർണ്ണമായി വിശകലനം ചെയ്ത ശേഷം മാത്രം പ്രതികളെ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത സാക്ഷികളിൽ നിന്നുള്ള വിവരശേഖരണം ഇഡി തുടരുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടുകൾ ഇഡി വിശദമായി പരിശോധിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് അടക്കം വിവിധയിടങ്ങളിൽ ഭൂമി വാങ്ങിയതിന്റെ നിർണ്ണായക രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

ഇഡി കേസിൽ അറസ്റ്റ് വൈകുമെങ്കിലും, സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മറ്റ് ക്രിമിനൽ കേസുകളിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പോറ്റിയുടെ നിക്ഷേപങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് എസ്.ഐ.ടിയുടെ ലക്ഷ്യം.

കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈകിട്ട് വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുരാരി ബാബു, കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ്. ശ്രീകുമാർ എന്നിവരെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. വിവരശേഖരണം പൂർത്തിയാകുന്നതോടെ കേസിൽ നിർണ്ണായകമായ കൂടുതൽ നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *