എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു

കൊച്ചി: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. നവംബർ 30-ന് ആളൊഴിഞ്ഞ ഭാഗത്തുനിന്നാണ് ഏകദേശം ഒരു മാസം പഴക്കമുള്ള നിലയിൽ ഈ മൃതദേഹം കണ്ടെത്തിയത്. രണ്ട് മാസത്തിന് ശേഷമാണ് ഡി.എൻ.എ ഫലം പുറത്തുവന്നത്. കൊൽക്കത്തയിൽ വേരുകളുള്ള സൂരജ് ലാമ വർഷങ്ങൾക്ക് മുൻപ് ബെംഗളൂരുവിലേക്ക് മാറുകയും തുടർന്ന് ബിസിനസ് ആവശ്യങ്ങൾക്കായി കുവൈത്തിലേക്ക് പോവുകയുമായിരുന്നു. കുവൈത്തിൽ നാല് റെസ്റ്റോറന്റുകളുടെ ഉടമയായിരുന്ന അദ്ദേഹം സെപ്റ്റംബർ 5-ന് അവിടെ വെച്ച് കുഴഞ്ഞുവീണു.

പത്തുദിവസത്തെ ചികിത്സയ്ക്ക് ശേഷം ജീവൻ തിരിച്ചുകിട്ടിയെങ്കിലും അദ്ദേഹത്തിന് ഓർമ്മശക്തി പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. വിസ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 4-ന് കുവൈത്ത് അധികൃതർ അദ്ദേഹത്തെ നാടുകടത്തി. എന്നാൽ ബെംഗളൂരുവിലേക്ക് അയക്കുന്നതിന് പകരം കൊച്ചിയിലേക്കാണ് അദ്ദേഹത്തെ കയറ്റിവിട്ടത്. ഓർമ്മയില്ലാത്ത ഒരാളെ ഇത്തരത്തിൽ അയക്കുന്ന വിവരം കുടുംബത്തെയോ സുഹൃത്തുക്കളെയോ അധികൃതർ അറിയിച്ചിരുന്നില്ല. കൊച്ചിയിൽ വെച്ച് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്നും വീണ്ടും കാണാതാവുകയായിരുന്നു.

എയർപോർട്ട് അതോറിറ്റി, പോലീസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് തന്റെ അച്ഛന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും മകൻ സാന്റോൺ ലാമ ആരോപിച്ചു,. നാല് മാസത്തോളം പിതാവിനായി തിരച്ചിൽ നടത്തിയ മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഉൾപ്പെടെ നൽകി വലിയ നിയമപോരാട്ടം നടത്തിയിരുന്നു. മൃതദേഹം ഏറെക്കുറെ ജീർണ്ണിച്ച അവസ്ഥയിലായതിനാൽ അന്ത്യകർമ്മങ്ങൾ കേരളത്തിൽ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *