ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് കേരളത്തിൽ; രണ്ടുദിവസത്തെ സന്ദർശനം കൊച്ചിയിൽ തുടങ്ങും

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് കേരളത്തിലെത്തും. ജനുവരി 20-ന് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ കേരള സന്ദർശനമാണിത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നൽകും. തുടർന്ന് ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം അധ്യക്ഷത വഹിക്കും. അഡ്‌ലക്സ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന എറണാകുളം, ആലപ്പുഴ ജില്ലകളിലെ ‘ബൂത്ത് അധ്യക്ഷ സമ്മേളനത്തെ’ അദ്ദേഹം അഭിസംബോധന ചെയ്യും. ബൂത്ത് തലത്തിലുള്ള പ്രവർത്തകരെ നേരിട്ട് കണ്ട് ആവേശം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ശനിയാഴ്ച തൃശൂരിൽ കേന്ദ്ര ബജറ്റ് 2026-നെ കുറിച്ചും ‘വികസിത കേരളം’ എന്ന ആശയത്തെ കുറിച്ചു നടക്കുന്ന സംഗമത്തിൽ അദ്ദേഹം സംസാരിക്കും. കൂടാതെ തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ചുവരെഴുത്തിലും അദ്ദേഹം പങ്കുചേരും.

സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. കേരളത്തിലെ എൻഡിഎ ഘടകകക്ഷികളുമായും അദ്ദേഹം ചർച്ചകൾ നടത്തും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ ഈ സന്ദർശനം നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *