തിരുവനന്തപുരം: പ്രശസ്ത നടൻ മണിയൻപിള്ള രാജുവിൻറെ വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസ്. എന്നാൽ, എഫ്ഐആറിൽ നടൻറെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല.
അപകടത്തിന് ശേഷം പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കൃത്യസമയത്ത് വിവരം അധികൃതരെ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. ജീവഹാനി സംഭവിക്കാവുന്ന തരത്തിൽ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്നും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപകടത്തിൽ നിവേദിതിൻറെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിനാണ് പരിക്കേറ്റത്. ഒരാൾ കിംസ് ആശുപത്രിയിലും മറ്റൊരാൾ എസ് മെഡിസിറ്റി ആശുപത്രിയിലുമായി ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പൊലീസ് നടൻറെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. അദ്ദേഹത്തിൻറെ ഫോണും സ്വിച്ച് ഓഫ് ചെയ്തിരുന്നു. എന്നാൽ ഇന്ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.
നടനെ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ലഹരി ഉപയോഗം പരിശോധിക്കുന്നതിനായി 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തേണ്ടതുണ്ട്. ഇതിൻറെ ഫലം കൂടി പരിഗണിച്ച ശേഷമായിരിക്കും കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
