ബെംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. റോയ് സി ജെ ജീവനൊടുക്കിയതിൽ അന്വേഷണം കർണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി റോയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയെന്ന് ലീഗൽ അഡൈ്വസർ പ്രകാശ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്.
മൂന്നുദിവസമായി റെയ്ഡ് നടക്കുന്നുണ്ട് എന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഐടി ഉദ്യോഗസ്ഥരിൽ നിന്നും വിശദാംശങ്ങൾ തേടുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്‌യുടെ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാൻ ബാലസ്റ്റിക് ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബെംഗളൂരുവിൽ തന്നെയാകും സംസ്‌കാരം.
